Image

ഗാസയ്ക്കു വേണ്ടി വീണ്ടും ചർച്ചകൾ;  ബൈഡൻ നെതന്യാഹുവിനെ വിളിച്ചു (പിപിഎം) 

Published on 29 April, 2024
ഗാസയ്ക്കു വേണ്ടി വീണ്ടും ചർച്ചകൾ;  ബൈഡൻ നെതന്യാഹുവിനെ വിളിച്ചു (പിപിഎം) 

ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴി തെളിക്കാൻ പുതിയൊരു വട്ടം ചർച്ചയ്ക്കു കയ്‌റോയിൽ തുടക്കം കുറിക്കും മുൻപ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. റഫയിൽ ആക്രമണം ഒഴിവാക്കണമെന്നു ബൈഡൻ വീണ്ടും നിർദേശിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. 
 
വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മിഡിൽ ഈസ്റ്റ് ദൗത്യവുമായി റിയാദിൽ എത്തിയ നേരത്തായിരുന്നു ആ ദൗത്യത്തിനു പിന്തുണ നൽകാൻ ബൈഡന്റെ ശ്രമം. ബ്ലിങ്കൻ തിങ്കളാഴ്ച അറബ് നേതാക്കളുമായി ചർച്ച നടത്തി. പിന്നീട് ഇസ്രയേലിലേക്കും ജോർദാനിലേക്കും പോകും. 

സൗദിയുടെ പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ബ്ലിങ്കൻ സംസാരിച്ചു. 

വെടിനിർത്തലും ബന്ദികളുടെ മോചനവും മാത്രമല്ല, പലസ്തീൻ രാജ്യം സ്ഥാപിക്കുന്ന കാര്യവും ചർച്ച ചെയ്തെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.  

ഹമാസിന്റെ ഉന്നത നേതാക്കൾ ഉൾപെട്ട സംഘമാണ് കയ്‌റോയിൽ ചർച്ചയ്ക്കു എത്തിയതെന്നു ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഗാസയിലെ ഡെപ്യൂട്ടി മേധാവി ഖലീൽ അൽ ഹയ്യ ആണ് നേതൃത്വം നൽകുന്നത്. 

ഇസ്രയേൽ താത്കാലിക യുദ്ധവിരാമം നിർദേശിക്കുമ്പോൾ ഹമാസ് സ്ഥിരമായ വെടിനിർത്തലും ഇസ്രയേലി സേനയുടെ പിന്മാറ്റവും ആവശ്യപ്പെടുന്നു. ചർച്ചകളിൽ വഴിമുട്ടുന്നത് പ്രധാനമായും ഈ വിഷയത്തിലാണ്. 

മരണങ്ങൾ തുടരുന്നു 

റഫയിലും ഗാസ സിറ്റിയിലും ഞായറാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 27 പേർ കൂടി മരിച്ചു. അതിൽ ആറു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്. ഒരു കുട്ടിക്ക് അഞ്ചു ദിവസം മാത്രമാണ് പ്രായം. 

മൂന്നു വീടുകൾ അടിച്ചു തകർത്ത ഇസ്രയേലി സേന നാലു സഹോദരങ്ങൾ ഉൾപ്പെടെ 11 പേരെ അതിലൊരു വീട്ടിൽ കൊന്നുവെന്നു ഗാസ അധികൃതർ പറഞ്ഞു. 

Biden speaks with Netanyahu as fresh talks begin 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക