Image

മോശമായി സംസാരിച്ചപ്പോഴാണ് തിരിച്ചുപറഞ്ഞത്, തന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ: മേയർ വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ

Published on 29 April, 2024
മോശമായി സംസാരിച്ചപ്പോഴാണ്  തിരിച്ചുപറഞ്ഞത്, തന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ: മേയർ വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: മോശമായി സംസാരിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നു കെഎസ്ആർടിസി ഡ്രൈവർ യദു.

''തൃശൂര്‍–ആലപ്പുഴ–തിരുവനന്തപുരം ബസാണ് ഞാൻ ഓടിച്ചിരുന്നത്. ഇടതുവശത്തു കൂടിയാണു മേയറുടെ കാർ ഓവര്‍ടേക്ക് ചെയ്തത്. മേയറും എംഎല്‍എയുമാണെന്ന് അറിയാതെയാണ് ഞാന്‍ സംസാരിച്ചത്'', യദു പറയുന്നു.

പട്ടം എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ട് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്തുപോകാന്‍ സ്ഥലം കൊടുത്ത ശേഷം മൂന്നാമതായിരുന്നു മേയര്‍ സഞ്ചരിച്ച വാഹനമെത്തിയതെന്ന് ഡ്രൈവർ പറയുന്നു. പ്ലാമൂടിനും പിഎംജിക്കും ഇടയില്‍ വണ്‍വേയില്‍ വച്ചായിരുന്നു മേയറുടെ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. അവിടെ ബസ് ഒതുങ്ങി കൊടുക്കാന്‍ സ്ഥലമില്ല. എന്നിട്ടും ഇടതുവശത്തു കൂടി വാഹനം ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയതെന്നും യദു.

തനിക്ക് ഞാനാരാണെന്ന് അറിയാമോ എന്നും എംഎൽഎയാണെന്നും പറഞ്ഞ് ഒരാൾ തട്ടിക്കയറി. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്നും ചോദിച്ചു. മോശമായി സംസാരിച്ചപ്പോഴാണ് ഞാനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോട് ഒന്നും പറഞ്ഞില്ല. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും യദു പറയുന്നു.

നിങ്ങള്‍ ആരാണെങ്കിലും വണ്ടി ഓടിക്കുമ്പോള്‍ ഒരു മാന്യത വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു. ബസിന്‍റെ ഡോര്‍ തുറന്ന് എന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും പൊലീസ് വരാതെ ഇറങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു.

''ഈ തര്‍ക്കത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഞാന്‍ അവരെ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല'', യദു കൂട്ടിച്ചേർക്കുന്നു. വണ്ടി നടുറോഡില്‍ ഇട്ടാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്നും ഡ്രൈവര്‍ പറഞ്ഞു. മേയര്‍ ആണോ എംഎല്‍എ ആണോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക