Image

ഒരുമയാണ് ഞങ്ങളുടെ പാനലിന്റെ സ്ട്രോങ്ങ് പോയിന്റ് : പോൾ പി.ജോസ് 

മീട്ടു റഹ്മത്ത് കലാം  Published on 30 April, 2024
ഒരുമയാണ് ഞങ്ങളുടെ പാനലിന്റെ സ്ട്രോങ്ങ് പോയിന്റ് : പോൾ പി.ജോസ് 

ന്യൂയോർക്കിലെ ആദ്യകാല മലയാളി കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചതിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ പോൾ.പി.ജോസ്, ഫോമായുടെ 2024-26 ലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, 2010 മുതൽ ഫോമായിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. നിലവിൽ ഫോമാ  മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റാണ്. ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, നോർത്ത് ഹംപ്സ്റ്റഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ, ഇന്ത്യൻ ഓവർസെസ് കോൺഗ്രസ്( ഐ ഒ സി ) സെക്രട്ടറി, വൈസ്മെൻസ് ക്ലബ് ട്രഷറർ, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്ക ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചതിലൂടെ ആർജ്ജിച്ച അനുഭവപരിജ്ഞാനമാണ് മത്സരത്തിനിറങ്ങാൻ ധൈര്യം പകർന്നതെന്ന് പോൾ പി.ജോസ് പറയുന്നു...

ന്യയോർക്കിലെ ആദ്യകാല മലയാളി കൂട്ടായ്മയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലിയാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചതിനെത്തുടർന്ന് അന്നത്തെ അധ്യക്ഷനായിരുന്ന താങ്കൾ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നല്ലോ?

 അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലിയാഘോഷം. സംഘടനയുടെ സാരഥ്യം നിർവ്വഹിക്കുമ്പോൾ അങ്ങനൊരവസരം ലഭിച്ചമാത്രയിൽത്തന്നെ, ഏറ്റവും ഭംഗിയായി കാര്യങ്ങൾ ചെയ്യണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പ്രാർത്ഥനയോടെയാണ് ഓരോ ചുവടും വച്ചത്. സംഘടനയ്ക്ക് രൂപവും ഊടും പാവും നൽകിയ മുൻകാല നേതാക്കളെ ആദരിച്ചതാണ് എന്നെ സംബന്ധിച്ച് ഹൃദ്യമായ അനുഭവം.ഗുരുത്വം എന്നൊന്നുണ്ടല്ലോ! നമ്മുടെ പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ അത് ആരെയും വേദനിപ്പിക്കാതെ ഓരോ ചുണ്ടിലും പുഞ്ചിരി വിരിയിച്ചുകൊണ്ടാകണം എന്നെനിക്ക് നിർബന്ധമാണ്. ഒത്തൊരുമിച്ചാൽ എന്തും സാധ്യമാകും എന്ന പാഠമാണ് ജൂബിലിയാഘോഷം നല്ല രീതിയിൽ പര്യവസാനിപ്പിച്ചപ്പോൾ സ്വായത്തമാക്കിയത്. ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും ഒരുമ തന്നെയായിരിക്കും പ്രവർത്തനങ്ങൾക്ക് കരുത്താകുക.എന്നിലെ സംഘാടകനെ ഏവരും പ്രകീർത്തിക്കുമ്പോഴും,അതൊരു കൂട്ടായ കഠിനാധ്വാനത്തിന്റെ വിജയമാണ് ഞാൻ കണക്കാക്കുന്നത്. 

പാനലിലെ എല്ലാ അംഗങ്ങളും അമേരിക്കയിലെ പ്രധാന സംഘടനകളിൽ പ്രസിഡന്റായി ഇരുന്നവരാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ താങ്കൾക്ക് എന്താണ് തോന്നുന്നത്?

 ഭാരവാഹിത്വത്തിലേക്ക് പടിപടിയായി കടന്നുവരുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു. ഫോമാ ന്യൂയോർക്ക്  മെട്രോ റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളും എന്നെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സംഘടനാ മികവിനുള്ള അംഗീകാരമായി ഇതിനെ കാണുന്നുണ്ടെങ്കിലും, കൂടുതൽ പഠിക്കാനുണ്ട്. തമ്മിൽ ഈഗോ ഇല്ലെന്നുള്ളതാണ് പാനലിന്റെ പ്രത്യേകത തന്നെ. ഒരു സ്ഥാനവും കുറച്ചുകാണുന്നില്ല. കൂട്ടായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നു,അതിന് വില കല്പിക്കുന്നു എന്നുള്ളത് ഞങ്ങളുടെ പാനലിലെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ബേബി മണക്കുന്നേലിന്റെ പ്രത്യേകതയാണ്.എല്ലാവർക്കും കഴിയുന്ന ഒന്നല്ല അത്.ബൈജു വർഗീസ് ( സെക്രട്ടറി സ്ഥാനാർത്ഥി),ശാലു പുന്നൂസ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ),സിജിൽ പാലക്കലോടി (ട്രഷറർ സ്ഥാനാർത്ഥി),അനുപമ കൃഷ്ണൻ(ജോയിന്റ് ട്രഷറർ)എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.വിവിധ സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രചനവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു. ഇതിനോടകം എല്ലാവരും തമ്മിൽ ഒരു ബോണ്ട് രൂപപ്പെട്ടിട്ടുണ്ട്. ടീം എന്ന നിലയിൽ ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന് ഉറപ്പുണ്ട്.

വിജയിച്ചാൽ എന്താണ് ലക്ഷ്യം?

ഫോമായെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. അമേരിക്കൻ മലയാളികൾക്കായി ടെക്‌സസിലും ഫ്ളോറിഡയിലും റിട്ടയർമെന്റ് റിസോർട്ടുകൾ ആരംഭിക്കുന്നകാര്യം ഞങ്ങളുടെ ടീം ഗൗരവത്തോടെ കാണുന്നുണ്ട്.വാർദ്ധക്യം സന്തോഷകരവും സുരക്ഷിതവുമാക്കാൻ ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.ഏറ്റവും സുഖകരമായ കാലാവസ്ഥ ഉദ്ദേശിച്ചാണ് ഈ നഗരങ്ങൾ പരിഗണിക്കുന്നത്.ഗ്രാൻഡ് കാന്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കും. ഫോമാ പിറവിയെടുത്തത് ഹൂസ്റ്റണിൽ ആയതുകൊണ്ടുതന്നെ, ആ മണ്ണിൽ വച്ച് 2026 ൽ കൺവൻഷൻ നടത്താനും ആലോചനയുണ്ട്.യുവജനങ്ങൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകി മുന്നോട്ടുപോയാൽ ഫോമായ്ക്ക് കൂടുതൽ ഉയരങ്ങളിലെത്താം.അതിനായി പ്രവർത്തിക്കും. കൂടുതൽ റീജിയനുകൾ തുടങ്ങാനുള്ള ശ്രമവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും.ഹെല്പിങ് ഹാൻഡ്‌സ് പോലുള്ള ഫോറങ്ങൾ നിലവിൽ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പേർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നുണ്ട്. നാട്ടിലുള്ളവർക്കും അമേരിക്കൻ മലയാളികൾക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ടീം യുണൈറ്റഡ് ഉദ്ദേശിക്കുന്നുണ്ട്.

ഫോമായുമായുള്ള ബന്ധം ചുരുങ്ങിയ വാക്കിൽ?

2010 ലാണ് ഫോമായുടെ ഭാഗമാകുന്നത്.അന്നുമുതൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. നിലവിൽ ഫോമാ മെട്രോ റീജിയന്റെ ആർ.വി.പിയാണ്.
 
ആളുകളുടെ പ്രതികരണത്തിൽ നിന്ന് വിജയസാധ്യത തോന്നുന്നുണ്ടോ?

അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ ശക്തമായി സാന്നിദ്ധ്യം അറിയിക്കുന്നവരാണ് പാനലിലെ ഓരോ അംഗങ്ങളും. ഇലക്ഷൻ മാത്രം മുന്നിൽ കണ്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നവരല്ല എന്നതുകൊണ്ടുതന്നെ പ്രചരണവുമായി ബന്ധപ്പെട്ട് പോകുമ്പോൾ ഹൃദ്യമായ വരവേൽപ്പാണ് ലഭിക്കുന്നത്. തുറന്ന മനസ്സോടെയാണ് എല്ലാവരും സ്വീകരിക്കുന്നത്. അതിഥിയായല്ല, അവരുടെ കൂടെ ഉള്ളവർ എന്ന രീതിയിൽ ഐക്യദാർഢ്യം അറിയിക്കുകയും ഒപ്പമുണ്ടെന്ന് പറയുകയും ചെയ്യുമ്പോൾ,വിജയപ്രതീക്ഷ ഏറുകയാണ്.

പാനൽ തിരിഞ്ഞുള്ള മത്സരമാകുമ്പോൾ എങ്ങനെയും വിജയം നേടിയെടുക്കണം എന്ന വാശികൊണ്ട് പണം ഒഴുക്കുന്ന പ്രവണതയുണ്ടോ? എന്താണ് താങ്കളുടെ അഭിപ്രായം?

ഞങ്ങളുടെ പാനൽ ഇതുവരെയും പണം കൊടുത്ത് ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല.  അങ്ങനെ ചെയ്യാൻ ഉദ്ദേശവുമില്ല. പണം പാഴാക്കുന്നത് പ്രസ്ഥാനത്തിന് ഒരിക്കലും ഭൂഷണമല്ല.ആ കാശിന് ആരെയെങ്കിലും സഹായിച്ചാൽ അവരുടെ പ്രാർത്ഥന മതി നമുക്ക് നല്ലത് സംഭവിക്കാൻ.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ?

വിവിധ കലാ-സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിച്ചതിലൂടെ ആർജ്ജിച്ച ആത്മധൈര്യമാണ് മത്സരക്കളത്തിലേക്ക് ഇറങ്ങാൻ പ്രചോദനമായത്.
ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, നോർത്ത് ഹംപ്സ്റ്റഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ, ഇന്ത്യൻ ഓവർസെസ് കോൺഗ്രസ്( ഐ ഒ സി ) സെക്രട്ടറി, വൈസ്മെൻസ് ക്ലബ് ട്രഷറർ, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്ക ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ അനുഭവപരിജ്ഞാനം ഫോമായ്ക്ക് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.

എന്താണ് താങ്കളെ ഈ പാനലിലേക്ക് ആകർഷിച്ച ഘടകം?

ജീവകാരുണ്യ പ്രവർത്തനത്തിൽ ചെറുപ്പംമുതൽ താല്പര്യമാണ്. സാമൂഹ്യ പ്രവർത്തനം അതിന്റെ ഒരു ഭാഗമായാണ് കാണുന്നത്.ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ മുറുകെപ്പിടിച്ചിട്ടുണ്ട്. സ്ഥാനം മോഹിച്ച് ഒരിക്കലും ഒരു സംഘടനയുടെയും നേതൃനിരയിലേക്ക് മത്സരിച്ചിട്ടോ പ്രവർത്തിച്ചിട്ടോ ഇല്ലെന്ന് ഹൃദയത്തിൽ കൈവച്ച് പറയാം. ഇപ്പോൾ ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മത്സരിക്കുന്നതും, അങ്ങനൊരു സ്ഥാനം ലഭിച്ചാൽ എന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ എന്ന വിശ്വാസത്തിന്റെ പുറത്താണ്.സമാന മനോഭാവം ഉള്ള പാനൽ അംഗങ്ങളെ ലഭിച്ചു എന്നതും ഒരു നിയോഗമാണ്. സമൂഹത്തിനോടുള്ള അനുകമ്പയും സഹവർത്തിത്വവുമാണ് യുണൈറ്റഡ് ടീം എന്ന ഈ പാനലിന്റെ പ്ലസ് പോയിന്റ്.

ഈ അവസരത്തിൽ എന്താണ് മനസ്സിൽ തോന്നുന്നത്?

 ഫോമായുടെ കീഴിലുള്ള എല്ലാ അസോസിയേഷനകളുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാനുള്ളത്.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക