Image

വീണ്ടും കൊമ്പുകോർക്കാൻ ബൈഡനും ട്രംപും; 2024 യുഎസ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ

ട്രൂ ക്രിട്ടിക് Published on 30 April, 2024
വീണ്ടും കൊമ്പുകോർക്കാൻ ബൈഡനും ട്രംപും; 2024 യുഎസ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ

നവംബര്‍ 5-ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ ജോ ബൈഡനും, മുഖ്യ എതിരാളിയും, വിമർശകനുമായ ഡോണൾഡ് ട്രംപും തമ്മില്‍ വീണ്ടും കൊമ്പ് കോര്‍ക്കും എന്ന ഊഹാപോഹങ്ങൾ ഉയരുകയാണ്. പാർട്ടികൾ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയാണ്. ഡെമോക്രാറ്റുകള്‍ക്കിടയില്‍ ബൈഡന്‍റെ പേരും സജീവമായിത്തന്നെ ഉയര്‍ന്ന്‍ കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും, അവ എത്തരത്തിലാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നും വിശകലനം ചെയ്യുകയാണിവിടെ.

വിദേശനയങ്ങൾ

പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ വിദേശനയ ആശയങ്ങളാണ് വോട്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ വിദേശനയം എത്തരത്തില്‍ മുന്നോട്ട് വയ്ക്കുന്നു എന്നത് അവരുടെ വിജയ സാദ്ധ്യതയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നുതന്നെയാണ്‌. ഉക്രൈനിലെയും ഗാസയിലേയും സ്ഥിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് യുഎസ് കൈക്കൊള്ളുന്ന നടപടികളും, സൈനികസഹായങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും ഇവിടെ പ്രസക്തമാണ്. ഇത് വോട്ടായി മാറുകയും ചെയ്യും.

എതിരാളികളായ വിവേക് രാമസ്വാമി, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ തുടങ്ങിയവർ ബൈഡന്റെ നിലവിലെ വിദേശനയങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കഴിഞ്ഞിട്ടുണ്ട്. കെന്നഡി ജൂനിയര്‍ റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തെ നിഴൽ യുദ്ധമെന്നും, യുദ്ധത്തില്‍ യുഎസ്സിന്‍റെ സമീപനം ഉക്രൈന്‍ ജനതക്ക് വിപരീതഫലമാണ് നല്കിയതെന്നുമാണ് അഭിപ്രായപ്പെട്ടത്.

ഇസ്രായേൽ- ഗാസ യുദ്ധം

35,000 പാലസ്തീനികള്‍ കൊല്ലപ്പെട്ട, ആറുമാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ- ഗാസ യുദ്ധത്തില്‍ രണ്ട് സ്ഥാനാർത്ഥികളും ഇസ്രായേലിനെയാണ് പിന്തുണക്കുന്നത്. യുഎസ്സിന്റെ ബദ്ധശത്രുവായ ഇറാനും, ഇസ്രായേലും തമ്മിലുള്ള യുദ്ധത്തില്‍ ഇറാനെതിരെ യുഎസ് പോരിനിറങ്ങില്ലെന്ന് ബൈഡന്‍ നിലപാട് എടുത്തിട്ടുണ്ട്.

എന്നാല്‍ വേഗത്തില്‍ പ്രശ്നപരിഹാരം എന്നതാണ് ട്രംപിന്റെ നയം. അതോടൊപ്പം പതിവ് പോലെ പലസ്തീന് കാര്യമായ പരിഗണന നൽകാതെ, താൻ ഇസ്രായേലിനൊപ്പമാണെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്യുന്നു. ഇസ്രായേലിനെതിരായ ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ഇറാന്റെ കാര്യത്തിൽ ബൈഡന്‍ ദുർബ്ബലനാണെന്ന് ട്രംപ് ശകതമായി വിമര്‍ശനമുയര്‍ത്തുന്നമുണ്ട്.

കോവിഡാനന്തര സമ്പദ് വ്യവസ്ഥ

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും, തൊഴിലില്ലായ്മയും തരണം ചെയ്‌തെന്നാണ് 14 ദശലക്ഷം പുതിയ ജോലികൾ ഉണ്ടായത് ചൂണ്ടിക്കാട്ടി ബൈഡൻ പറയുന്നത്.

എന്നാൽ കടവും പണപ്പെരുപ്പവും കൂടിയെന്ന മറുവാദമാണ് ട്രംപ് ഉയർത്തുന്നത്. ഇത് ജീവിതചിലവ് ഉയർത്തുന്നതിനും അതുവഴി വോട്ടർമാരുടെ അസംതൃപ്‍തിക്കും ഇടയാക്കിയെന്നും ട്രംപ് വാദിക്കുന്നു.

കോർപ്പറേഷൻ ടാക്സ്, ഉയർന്ന വരുമാനമുള്ളവരുടെ ടാക്സ് എന്നിവ വെട്ടിക്കുറയ്ക്കാനായിരുന്നു ട്രംപിന്റെ പദ്ധതിയെങ്കിൽ, അവ ഉയർത്താനാണ് ബൈഡന്റെ നീക്കം. ഇത് ഈ മേഖലയിലെ വോട്ടർമാരിൽ നിന്നും ബൈഡന് തിരിച്ചടി ആയേക്കാം.

ആരോഗ്യസംവിധാനങ്ങൾ

ആരോഗ്യ പരിരക്ഷയുടെ കാര്യം വരുമ്പോൾ ലോകത്തിലെ ഏറ്റവും ചിലവേറിയ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളാണ്  യുഎസിൽ ഉള്ളത്. ജനങ്ങളുടെ അടിസ്ഥാന ചിലവുകളിൽ ആരോഗ്യ സംരക്ഷണം ഒരു പ്രധാന പ്രശ്നമാണെന്ന് തന്നെയാണ് സമീപകാലത്തെ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇതിനു പരിഹാരമായി മുൻ പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ഇൻഷുറൻസ് പദ്ധതിയായ ‘ഒബാമാകെയറി’നെ ബൈഡൻ അടങ്ങുന്ന ഡെമോക്രാറ്റുകൾ പിന്തുണക്കുകയും മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് പറയുകയും ചെയ്യുന്നുണ്ട്.

മറുവശത്ത് ട്രംപ് ഈ പദ്ധതിയെ ഒരു പരാജയപ്പെട്ട സംരംഭമായാണ് വിലയിരുത്തുന്നത്. പകരമായി നിലവിലെ ആരോഗ്യസംവിധാനത്തെ സാധരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ ഉടച്ചുവാർക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു.

അനധികൃത കുടിയേറ്റം

അനധികൃത കുടിയേറ്റം യുഎസ്സിന്റെ വലിയൊരു ആശങ്കയായി നിലനിൽക്കേ ബൈഡനും ഡെമോക്രാറ്റുകളും രാഷ്ട്രീയ നേട്ടത്തിനായി അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ വാദം. തന്റെ ഭരണകാലത്ത് ട്രംപ് തുടങ്ങി വച്ച മെക്സിക്കൻ അതിർത്തിയിലെ മതിലിന്റെ നിർമാണത്തിനുള്ള ഫണ്ടിങ് ബൈഡൻ നിർത്തി വച്ചതും ട്രംപ് ആയുധമാക്കുന്നുണ്ട്.

ഈയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് 2021-ലെ യുഎസ്സിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 10.5 മില്യൺ ആണ്. ഇതിൽ 725,000 ആളുകളാണ് ഇന്ത്യക്കാരായ കുടിയേറ്റക്കാർ. യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

സാംസ്കാരികവും ധാർമ്മികവുമായ പ്രശ്നങ്ങൾ

വംശം, ലിംഗഭേദം, ഗർഭഛിദ്രം തുടങ്ങിയ സാംസ്‌കാരിക, ധാർമ്മിക പ്രശ്നങ്ങൾ പലതും യുഎസ്  ജനതയെ ഭിന്നിപ്പിക്കുന്നത് ഈ തെരഞ്ഞെടുപ്പ് കാലത്തും തുടരുകയാണ്. പ്രസിഡന്റ് ബൈഡൻ ഉൾപ്പെടുന്ന ഡെമോക്രാറ്റുകൾ പ്രത്യുല്പാദന സ്വാതന്ത്ര്യത്തെയും, ഗർഭഛിദ്രത്തെ പിന്തുണക്കുമ്പോൾ, വിപരീത സമീപനമാണ് മുൻ പ്രസിഡന്റ് ട്രംപിനുള്ളത്. പ്രത്യേകസാഹചര്യങ്ങളിൽ മാത്രമേ ഗർഭഛിദ്രം പാടുള്ളൂ എന്നതാണ് ട്രംപിന്റെ നിലപാട്.

യുഎസിലെ 7% വരുന്ന ജനങ്ങൾ LGBTQ കമ്മ്യൂണിറ്റിയുടെ ഭാഗമായി സ്വയം പ്രഖ്യാപിച്ചതും ബൈഡൻ- ട്രംപ് പക്ഷങ്ങൾക്കിടയിലെ തർക്കവിഷയമാണ്. സ്വാതന്ത്ര്യത്തിനും, ലിംഗ നിഷ്പക്ഷതക്കും വേണ്ടി ബൈഡനും, ഡെമോക്രാറ്റുകളും നിലകൊള്ളുമ്പോൾ ഇവ പരമ്പരാഗത മൂല്യങ്ങൾക്കും, അമേരിക്കൻ സമൂഹത്തിലെ ജൂഡോ - ക്രിസ്ത്യൻ ജീവിതരീതിക്കും ഭീഷണയാണെന്ന നിലപാടിലാണ് ട്രംപിനെയും വിവേക് രാമസ്വാമിയേയും പോലുള്ള മറ്റ് റിപ്പബ്ലിക്കൻ അനുകൂലികൾ.

കടപ്പാട്: എൻഡിടിവി.കോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക