Image

ഷാർലറ്റ് വെടിവയ്പ്പിൽ 3 യുഎസ് മാർഷലുകൾ കൊല്ലപ്പെട്ടു,  5 പേർക്ക് പരുക്കേറ്റതായി പോലീസ് 

പി പി ചെറിയാൻ Published on 30 April, 2024
ഷാർലറ്റ് വെടിവയ്പ്പിൽ 3 യുഎസ് മാർഷലുകൾ കൊല്ലപ്പെട്ടു,  5 പേർക്ക് പരുക്കേറ്റതായി പോലീസ് 

നോർത്ത് കരളിനയിൽ തിങ്കളാഴ്ച യുഎസ് മാർഷൽസ്‌ ടാസ്ക് ഫോഴ്സിലെ മൂന്നു ഓഫിസർമാർ വെടിയേറ്റു മരിച്ചു. ഷാർലറ്റിലെ ഒരു വീട്ടിൽ വാറന്റ് നൽകാൻ പോയ സംഘത്തിലെ അഞ്ചു ഓഫിസർമാർക്കു പരുക്കേൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 

പരുക്കേറ്റവരിൽ ഷാർലറ്റ്-മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ നാല് ഓഫീസർമാരും ഉൾപ്പെടുന്നു. 

ഗവർണർ റോയ് കൂപ്പർ ഷാർലറ്റിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു  വരികയാണ്. ഇരകളുടെ കുടുംബാംഗങ്ങളെ അദ്ദേഹം കാണും.

അഞ്ചു മണിക്ക് മുമ്പ് വെടിവയ്പ്പു നടന്ന വീടും പരിസര  പ്രദേശവും സുരക്ഷിതമാക്കിയെന്നും അധികൃതർ അറിയിച്ചു.

ആയുധം കൈവശം വച്ചതിനു ഫെലനി കുറ്റം ചുമത്തിയ ഒരാൾക്കായിരുന്നു വാറന്റ്. ആദ്യം എത്തിയ മൂന്നു പേർക്കു നേരെ വീട്ടിനുള്ളിൽ നിന്നു വെടിവയ്പുണ്ടായപ്പോൾ അയച്ച രണ്ടാം സംഘത്തിലെ ഓഫിസർമാർക്കു നേരെ രണ്ടാമതൊരു അക്രമി വീടിനുള്ളിൽ നിന്നു വെടിവച്ചെന്നു ഷാർലറ്റ്-മെക്‌ളെൻബർഗ് പോലീസ് ചീഫ് ജോണി ജെന്നിങ്‌സ് പറഞ്ഞു. 

ഷാർലറ്റിനു പടിഞ്ഞാറായി പാർപ്പിട മേഖലയിലാണ് അക്രമം അരങ്ങേറിയ വീട്. ഉച്ചയ്ക്ക് ഒന്നരയോടെ മാർഷലുകൾ അവിടെ എത്തിയപ്പോൾ വീട്ടിനകത്തു നിന്നു തുരുതുരാ വെടിവയ്പുണ്ടായി. അത്യുഗ്ര ശേഷിയുള്ള റൈഫിൾ ആണ് അക്രമി ഉപയോഗിച്ചതെന്നു ജെന്നിങ്‌സ് പറഞ്ഞു. 

ഓഫിസർമാർ തിരിച്ചു വെടിവച്ചു. അക്രമികളിൽ ഒരാൾ മുറ്റത്തു മരിച്ചു വീണു. മൂന്നു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനു ശേഷം വീട് പോലീസ് സായുധ വാഹനങ്ങൾ കൊണ്ട് അടിച്ചു തകർത്തു. 

വീടിനകത്തു ഉണ്ടായിരുന്ന ഒരു സ്ത്രീയെയും 17 വയസുള്ള യുവാവിനെയും ചോദ്യം ചെയ്തു വരുന്നു. 

വെടിവയ്‌പ്‌ ഏറെ നീണ്ടുനിന്നുവെന്നു അയൽവാസികൾ പറഞ്ഞു. 

"നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കി സൂക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്നു നമ്മുടെ ചില ഹീറോകൾക്കു ജീവൻ നഷ്ടമായി," അദ്ദേഹം പറഞ്ഞു. തന്റെ 32 വർഷത്തെ സേവനത്തിനിടയിൽ ഇത്ര രക്തപങ്കിലമായ ദിവസം ഉണ്ടായിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഒട്ടേറെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടാനുണ്ട്. ആ ചോദ്യങ്ങൾ തന്നെ ഇപ്പോൾ നമുക്ക് അറിയില്ല."

പ്രസിഡന്റ് ജോ ബൈഡൻ ഗവർണർ റോയ് കൂപ്പറോടും മേയർ വി ലൈലസിനോടും സംസാരിച്ചു. തന്റെ അനുശോചനം അറിയിക്കയും ചെയ്തു.

Three Marshals killed in NC attack 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക