Image

അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

Published on 04 May, 2024
അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ അറസ്റ്റില്‍

മുംബൈ: സ്വര്‍ണം കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയിലായി. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) മുംബൈ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. പ്രതിയില്‍നിന്ന് 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഏപ്രില്‍ 25-ാം തീയതിയാണ് സ്വര്‍ണക്കടത്തിനിടെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും പരിശോധനയില്‍ സ്വര്‍ണം കണ്ടെടുക്കുകയുമായിരുന്നു.

ഏപ്രില്‍ 25-ന് വൈകിട്ട് 5.45-ഓടെ മകനോടൊപ്പമാണ് സാക്കിയ മുംബൈ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീന്‍ ചാനല്‍ വഴിയാണ് പുറത്തുകടന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് രണ്ടുപേരെയും ഡി.ആര്‍.ഐ. സംഘം തടഞ്ഞത്.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാന്‍ഡ് ബാഗും ഒരു സ്ലിങ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇരുവരുടേയും പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സാക്കിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് നയതന്ത്ര ഉദ്യോഗസ്ഥ സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക