Image

ഇന്ത്യയുടേത് വൈവിധ്യമാര്‍ന്ന സമൂഹങ്ങളില്‍ നിന്നും വരുന്നവരെ സ്വാഗതം ചെയ്ത ചരിത്രം: ബൈഡന്റെ വിദ്വേഷ പരാമര്‍ശത്തിൽ മറുപടിയുമായി വിദേശകാര്യമന്ത്രി

Published on 04 May, 2024
ഇന്ത്യയുടേത് വൈവിധ്യമാര്‍ന്ന സമൂഹങ്ങളില്‍ നിന്നും വരുന്നവരെ സ്വാഗതം ചെയ്ത ചരിത്രം:  ബൈഡന്റെ വിദ്വേഷ പരാമര്‍ശത്തിൽ  മറുപടിയുമായി വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി:  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്യരാജ്യവിദ്വേഷം സൂക്ഷിക്കുന്നവരാണെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്ത്.

വൈവിധ്യമാര്‍ന്ന സമൂഹങ്ങളില്‍ നിന്നും വരുന്നവരെ  എപ്പോഴും തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്ന്   അദ്ദേഹം പറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായി മുന്നോട്ടു പോകുകയാണെന്നും വൈകാതെ തകരുമെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു.

 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും ജയശങ്കര്‍ മറുപടി നൽകി .2023ല്‍ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഈ ദശാബ്ദത്തിന് മുൻപ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളരുന്നതിനു പിന്നിലെ പ്രധാന കാരണം അന്യരാജ്യക്കാരെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനാലാണെന്നും ചൈന സാമ്പത്തികമായി മുരടിക്കുന്നതും ജപ്പാന്‍ വലിയ രീതിയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതും ഇന്ത്യയും റഷ്യയും സമാനരീതിയിലൂടെ കടന്നു പോകുന്നതും അവര്‍ക്കുള്ളിലെ അന്യരാജ്യവിദ്വേഷമാണെന്നുമായിരുന്നു മെയ് രണ്ടിന് ഒരു പ്രചാരണത്തിനിടെ ബൈഡന്‍ ആരോപിച്ചത്.

എന്നാല്‍ ഇന്ത്യ എല്ലാതരത്തിലും വളരെ സവിശേഷമായ രാജ്യമാണ്. എല്ലാ ജനവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. അതിനാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ഇന്ത്യയില്‍ എത്തുന്നുണ്ടെന്നുമാണ് ബൈഡന്റെ  പരാമര്‍ശത്തിന് ജയശങ്കര്‍ മറുപടി നല്‍കിയത്.

അതേസമയം അന്യരാജ്യവിദ്വേഷം സൂക്ഷിക്കുന്നവരെന്ന് ഇന്ത്യയെയും ജപ്പാനെയും മറ്റ് രാജ്യങ്ങളെയും  പറഞ്ഞ ബൈഡന്റെ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വിശദീകരണം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക