Image

ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡ്: മലയാളികളടക്കം അന്‍പതോളം ഇന്ത്യക്കാര്‍ അറസ്റ്റില്‍

ജോസ് കുമ്പിളുവേലില്‍ Published on 14 May, 2013
ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡ്: മലയാളികളടക്കം അന്‍പതോളം ഇന്ത്യക്കാര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ യുകെബിഎ നടത്തിയ റെയ്ഡില്‍ അന്‍പതോളം ഇന്ത്യക്കാരുള്‍പ്പടെ നിരവധിയാളുകളെ ബോര്‍ഡര്‍ പോലീസ് അറസ്റ്റു ചെയ്തു. 

അറസ്റ്റിലായവരില്‍ ഭൂരിപക്ഷം പേരും സ്റ്റുഡന്റ് വീസയിലെത്തിയവരാണ്. ഇവരാകട്ടെ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തുടരുകയും ഒപ്പം നിയമാനുസൃതമല്ലാതെ ജോലിയും ചെയ്തു വരികയായിരുന്നു. ഇത്തരത്തിലുള്ളവരെ തെരഞ്ഞുപിടിച്ച് ജയിലില്‍ അടയ്ക്കുകയാണ് യുകെബിഎ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അറസ്റ്റിലായവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശികളും പാക്കിസ്ഥാനികളും, ശ്രീലങ്കക്കാരും ഉണ്ട്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടും.

ആദ്യം സസെക്‌സിലായിരുന്നു റെയ്ഡ്. മേയ് ഒമ്പതിന് ഇവിടുത്തെ മൂന്ന് വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുമാണ് അറസ്റ്റുണ്ടായത്. നിസാ കണ്‍വീനിയന്റ് സ്റ്റോറില്‍ നിന്നു 28 വയസുള്ള രണ്ടു പുരുഷന്മാരയും ഒരു 24 കാരനെയും ഒരു 23 കാരി യുവതിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ മലയാളികളാണെന്നാണ് സൂചന. ഹൈഡെ സ്‌കയര്‍, അപ്പര്‍ ബില്‍ഡിംഗ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 

ഹോര്‍ഷാം സ്പ്രിംഗ്ഫീല്‍ഡ് റോഡിലെ രാജ്കുമാര്‍ എന്ന സ്ഥാപനത്തില്‍ നിന്നും ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 37 കാരനായ ഒരു ഇന്ത്യക്കാരനും 43 നും 56 ഇടയില്‍ പ്രായമുള്ള നാല് ബംഗ്‌ളാദേശികളും 34 കാരിയായ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇവരെല്ലാം തന്നെ വീസാ കാലാവധി കഴിഞ്ഞ് യുകെയില്‍ തങ്ങിയവരാണ്. 

ഹേവാര്‍ഡ് ഹീത്തിലെ കെ ആന്‍ഡ് എ എന്റര്‍പ്രൈസില്‍ നിന്നും 42 കാരിയായ ഒരു ശ്രീലങ്കന്‍ യുവതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. സമയബന്ധിതമായി ജീവനക്കാരെക്കുറിച്ചുള്ള കൃത്യമായ രേഖകള്‍ ബോര്‍ഡര്‍ ഏജന്‍സിക്ക് സമര്‍പ്പിക്കാന്‍ അതാതു സ്ഥാപനങ്ങളോട് യുകെബിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ചയുണ്ടാകുന്ന പക്ഷം സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് 10,000 പൗണ്ട്‌വീതം ഓരോ കുടിയേറ്റക്കാരന്റെയും പേരില്‍ സ്ഥാപനഉടമകള്‍ പിഴയടയ്‌ക്കേണ്ടിവരും. ഇതനുസരിച്ച് നിസയുടെ ഉടമയ്ക്ക് 30,000 പൗണ്ടും രാജ്കുമാറിന്റെ ഉടമയ്ക്ക് 60,000 പൗണ്ടും, കെ ആന്‍ഡ് എയുടെ ഉടമയ്ക്ക് 10,000 പൗണ്ടും പിഴയാണ് നല്‍കേണ്ടി വരികയെന്ന് സസെക്‌സിലെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ റെയ്ഡ് മേധാവി കാര്‍ല ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ അടുത്ത ദിവസം വെല്‍ഹാം ഗ്രീന്‍, ഹെര്‍ട്‌സ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 വിദേശികളെയാണ് ബോര്‍ഡര്‍ ഏജന്‍സി പിടികൂടിയത്. ഇതില്‍ മുഴവന്‍ പേരും ഇന്ത്യക്കാര്‍ ആണെന്നുള്ളതാണ് വസ്തുത. അഡ്വാന്‍സ് സീല്‍ഡ് യൂണിറ്റ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്. 25 വയസ് പ്രായമുള്ള പുരുഷന്മാരും ഒരു 56 കാരനും 28 വയസുള്ള ഒരു സ്ത്രീയും ഈ സംഘത്തില്‍പ്പെടും. ഇവരെല്ലാംതന്നെ വളരെ മുന്‍പേ ബ്രിട്ടന്‍ വിടേണ്ടവരായിരുന്നുവെന്നാണ് ബോര്‍ഡര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. കാരണം യോഗ്യമായ ഒരു രേഖകളും ഇവരുടെ പക്കലില്ല എന്നതു കൊണ്ടുതന്നെ സ്ഥാപനത്തിന്റെ ഉടമ 1,20,000 പൗണ്ട് പിഴയായി അടയ്‌ക്കേണ്ടി വരും. ഇത്തരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ താമസ സ്ഥലത്തും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇവരുടെ വിലാസത്തില്‍ തന്നെ വൈരുധ്യമുള്ളതായി പോലീസ് വെളിപ്പെടുത്തി. അതിനാല്‍ ഇവരെ നേരിട്ട് നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. വീസാകാലാവധി കഴിഞ്ഞവരാണ് പിടിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും.

ഓക്‌സ്‌ലീസ് ഡ്രൈവില്‍ നിന്ന് പിടിയിലായ 31 കാരനെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ വുഡ്‌സ് ക്ലോസില്‍ നിന്നും അറസ്റ്റിലായ 41 കാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 

ഒബാന്‍ പ്രദേശത്തു നിന്നും പിടിയിലായവരും ഇന്ത്യാക്കാര്‍തന്നെ. പതിനേഴുപേരാണ് ഇവിടെ അറസ്റ്റിലായത്. ഇവരില്‍ ആര്‍ക്കും തന്നെ ബ്രിട്ടനില്‍ താമസിക്കാനോ ജോലി ചെയ്യാനോ അവകാശമില്ലാത്തവരാണ്. ഇവരെയും ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയിരിക്കുകയാണ്. ഇതിലും മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്‌ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

ജോര്‍ജ് സ്ട്രീറ്റിലെ താജ്മഹല്‍ എന്ന സ്ഥാപനത്തില്‍ നിന്നും 22 നും 36 നും ഇടയില്‍ പ്രായമുള്ള അഞ്ചു ബംഗ്‌ളാദേശികളെയാണ് അറസ്റ്റ് ചെയ്തത്. കെബാബിഷ് എന്ന സ്ഥാപനത്തില്‍ നിന്നും 32 കാരനായ പാകിസ്ഥാനിയും ക്രിസ്റ്റല്‍ പാലസില്‍ നിന്ന് 2 ചൈനക്കാരനും ലൈറ്റ് ഓഫ് ഇന്ത്യ, കൊറിയാണ്ടര്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് 8 പേരും പിടിയിലായി. ഇവരെല്ലാം തന്നെ ബംഗ്ലാദേശികളാണ്. ഇവരെല്ലാം തന്നെ നാടുകടത്തപ്പെടുമെന്ന് സ്‌കോട്‌ലാന്റ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഡാം സ്‌കാര്‍സ്‌കിഫ് പറഞ്ഞു. 

അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും പിടികൂടാന്‍ ബോര്‍ഡര്‍ പോലീസിനെ സഹായിക്കണമെന്ന് യുകെബിഎ അധികൃതര്‍ നിരന്തരം അഭ്യര്‍ഥിക്കുന്നുണ്ട്. അനധികൃതമായി കുടിയേറുന്ന ഇത്തരക്കാരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നുവെന്നു ഏജന്‍സിക്ക് ബോധ്യപ്പെട്ടാല്‍ അവരും കുടുങ്ങുമെന്ന സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനിലുള്ളത്. 

മുന്‍പ് ഇത്തരത്തില്‍ അറസ്റ്റിലായ മലയാളികളെ നാടുകടത്തിയ വിവരം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലക്ഷങ്ങള്‍ മുടക്കി സ്റ്റുഡന്റ് വീസയുടെ മറവിലോ മറ്റേതെങ്കിലും തരത്തിലോ യുകെയിലെത്തി അവസാനം പിടിച്ചു നില്‍ക്കാനായി നിയമം കൈയിലെടുത്തു പന്താടുന്നവര്‍ക്ക് ഈ അറസ്റ്റും നാടുകടത്തലും ഒരു മുന്നറിയിപ്പാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക