Image

ദൈവദാസി മദര്‍ ഏലീശ്വാ ചരമശതാബ്ദി സെമിനാര്‍

Published on 14 May, 2013
ദൈവദാസി മദര്‍ ഏലീശ്വാ ചരമശതാബ്ദി സെമിനാര്‍
റോം : കേരളത്തിലെ പ്രഥമ സന്യാസിനിയും സ്ത്രീകള്‍ക്കായുള്ള നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ ദൈവദാസി മദര്‍ ഏലീശ്വായുടെ ചരമ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മേയ് 12ന് റോമിലുള്ള സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കന്‍ കോളജ് ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യാര്‍ കര്‍മ്മലീത്താ സന്യാസിനികളുടെ (സിടിസി) ആഭിമുഖ്യത്തില്‍ നടത്തിയ അന്തര്‍ദേശീയ സെമിനാര്‍ വത്തിക്കാന്‍ പൊന്തിഫിക്കന്‍ പ്രവാസകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെ സമാരംഭിച്ചു.

റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ ചരിത്രപഠനവിഭാഗത്തില്‍ പ്രഫസറുമായ ഡോ. നോര്‍മന്‍ ടാന്നര്‍ എസ്. ജെ ഉദ്ഘാടന സന്ദേശം നല്‍കി നിലവിളക്ക് തെളിയിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സെമിനാറില്‍ സിടിസി സഭയുടെ സുപ്പീരിയല്‍ ജനറല്‍ റവ. മദര്‍ ലൈസാ സിടിസി അധ്യക്ഷത വഹിക്കുകയും കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഇറ്റലിയിലെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. രാജന്‍ ഫൗസ്‌റ്റോ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രബന്ധ അവതാരകരായ റവ. ഫാ. ജോസ് ആന്റി കന്നംകൊറുള്ളില്‍ ഒസിഡി മദര്‍ ഏലിശ്വ: ഒരു യഥാര്‍ത്ഥ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനി എന്ന വിഷയത്തെ കുറിച്ചും റവ. ഫാ. ജോണ്‍സണ്‍ പെരുമിറ്റത്ത് ഒസിഡി മദര്‍ ഏലിശ്വായും കുടുംബവും എന്ന വിഷയത്തക്കുറിച്ചും പ്രസംഗിച്ചു.

മില്ലറ്റ് രാജപ്പനും ലിഡിയ ജോണ്‍സണും ആശംസാപ്രസംഗം നടത്തി. സന്യസ്തരും വൈദികനും അല്‍മായരും ഉള്‍പ്പടെ ഏകദേശം ഇരുനൂറോളം പേര്‍ പങ്കെടുത്ത സെമിനാര്‍ സിടിസി സമൂഹം ആലപിച്ച ശതാബ്ദി ഗീതത്തോടെ പര്യാവസാനിച്ചു. സെമിനാറിനു ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: സിറിയക് ജോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക