Image

ഓസ്ട്രിയയില്‍ ഐഎന്‍ഒസി -ഐ ദേശിയ കമ്മിറ്റി രൂപികരിച്ചു

Published on 15 May, 2013
ഓസ്ട്രിയയില്‍ ഐഎന്‍ഒസി -ഐ ദേശിയ കമ്മിറ്റി രൂപികരിച്ചു
വിയന്ന: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) വിദേശ ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഐഎന്‍ഒസി -ഐ വിഭാഗത്തിന്റെ ഓസ്ട്രിയയ്ക്ക് വേണ്ടിയുള്ള ദേശിയ കമ്മിറ്റി നിലവില്‍ വന്നു. ഇത് ആദ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദേശ വിഭാഗം ഓസ്ട്രിയയില്‍ ആരംഭിക്കുന്നത്.

വിയന്നയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിയായി ബിജു മാളിയേക്കലും വൈസ് പ്രസിഡന്റുമാരായി അമിത ലുഖര്‍ (പഞ്ചാബ്), വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി മന്‍ജിത് സിംഗ് (ഡല്‍ഹി), ദേവ് സിംഗ് (പഞ്ചാബ്), രവി ചന്ദ്രന്‍ (തമില്‍നാട്) എന്നിവരും ട്രഷററായി പി. അബ്ദുള്‍ അസിസും, കോ-ഓര്‍ഡിനേറ്ററായി വര്‍ഗീസ് പഞ്ഞിക്കാരനും നിയമിതരായി. 

ഓസ്ട്രിയയില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച യോഗത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ ഉജ്വല തിരിച്ചുവരവിനെ പുതിയ കമ്മിറ്റി പ്രശംസിച്ചു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രാദേശിക ചാപ്‌റ്റേഴ്‌സും ഐഎന്‍ഒസി വിമിന്‍ ചാപ്റ്ററും യൂത്ത് ചാപ്റ്ററും രൂപീകരിക്കാന്‍ തീരുമാനമായി. ഓസ്ട്രിയയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ഭാരതീയര്‍ക്കുംവേണ്ടി രൂപീകൃതമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രിയയില്‍ നിവസിക്കുന്ന താത്പര്യമുള്ള മുഴുവന്‍ ഇന്ത്യക്കാരെയും കൂട്ടിയിണക്കി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ഓസ്ട്രിയ ഘടകം പ്രസിഡന്റ് സിറോഷ് ജോര്‍ജ് അറിയിച്ചു. മെമ്പര്‍ഷിപ്പ് വിതരണവും ലോക്കല്‍ ലെവല്‍ യോഗങ്ങളും തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. കരണ്‍ സിംഗ് എംപി ചെയര്‍മാനായ ഐഎന്‍ഒസി -ഐ 2013 ഏപ്രില്‍ ഒന്നിനാണ് ഓസ്ട്രിയയില്‍ തുടക്കമായത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ യുറോപ്പില്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ഡോ. കരണ്‍ സിംഗ് കഴിഞ്ഞ മാസം ജര്‍മനിയിലെ ബര്‍ലീനില്‍ എത്തി പാര്‍ട്ടിയുടെ പ്രഥമ യുറോപ്പ് റീജിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നു. 

യുറോപ്യന്‍ സംവിധാങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് ഓസ്ട്രിയയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പൊതുവായ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുക, അവരുടെ സാമുഹ്യ സാംസ്‌കാരിക വിഷയങ്ങളില്‍ പങ്കാളികളാകുകയും സഹായിക്കുകയും ചെയ്യുക, ഇന്ത്യയും ഓസ്ട്രിയയും തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമായ മേഖലകളില്‍ അത് പ്രോത്സാഹിപ്പിക്കുക, ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ രണ്ടു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലാവും പാര്‍ട്ടിയുടെ ഓസ്ട്രിയ ഘടകം തുടക്കത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സിറോഷ് അഭിപ്രായപ്പെട്ടു. 

ഐഎന്‍ഒസിയുടെ കാര്യപരിപാടികളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സാധ്യമാക്കുന്ന വെബ്‌സൈറ്റ് ഉടന്‍തന്നെ ലോഞ്ച് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഐഒസി ഓസ്ട്രിയ എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക