Image

പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ പീറ്റര്‍ബറോയില്‍ വര്‍ണാഭമായി

Published on 16 May, 2013
പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ പീറ്റര്‍ബറോയില്‍ വര്‍ണാഭമായി
പീറ്റര്‍ബറോ: പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ റവ. ഫാ. ജോസ് തൈയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ പീറ്റര്‍ബറോ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. 

റവ. ഫാ. ഡേവിഡ് പോള്‍ കൊടി ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് റവ. ഫാ. ജോസ് തൈയില്‍, റവ. ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍, റവ. ഫാ. സിറില്‍ ജോണ്‍ ഇടമന, റവ. ഫാ. ഡേവിഡ് പോള്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാന ഒരു ദിവ്യാനുഭവമായി. 

കുര്‍ബാനയെ തുടര്‍ന്ന് വെടിക്കെട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ എല്ലാവരും പങ്കു ചേര്‍ന്നു. തിരുനാളിനോടനുബന്ധിച്ച് അസി. ഹെഡ് ടീച്ചര്‍ അനൂപിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തില്‍ കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ ഏവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. 

ചടങ്ങില്‍ സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും വേദപാഠപുസ്തകവും സമ്മാനവും റവ. ഫാ. ജോസ് തൈയില്‍ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപടികളെ തുടര്‍ന്ന് നടന്ന കേരള ബീറ്റ്‌സ് ഹാംപ്ഷയറിന്റെ ഗാനമേള ആഘോഷപരിപാടികള്‍ക്ക് മാറ്റു കൂട്ടി.

ആനന്ദലഹരിയില്‍ കുട്ടികളും മുതിര്‍ന്നവരും ഗാനങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചു. കലാസന്ധ്യക്കുശേഷം രുചികരമായ സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. 

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക