Image

അറ്റുപോയ കൈയുമായി സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയില്‍

Published on 17 May, 2013
അറ്റുപോയ കൈയുമായി സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയില്‍
വിയന്ന: ജോലിക്കിടയില്‍ പറ്റിയ അപകടത്തെത്തുടര്‍ന്ന് വലതുകൈയുടെ മുട്ടിനു താഴെ വച്ചു മുറിഞ്ഞുപോയെങ്കിലും പരിക്കേറ്റയാള്‍ മനസാന്നിധ്യം ഒട്ടും നഷ്ടപ്പെടാതെ അറ്റുപോയ കൈയുമെടുത്ത് കാറിന്റെ ഡിക്കിയില്‍ വച്ച് 20 കിലോമീറ്ററോളം ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.

ഓസ്ട്രിയയിലെ ബൂര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്ത് പൂര്‍ബാഹ് എന്ന സ്ഥലത്താണ് സംഭവം. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിലുണ്ടായ തടസം നീക്കുന്നതിനിടെയാണ് ഹംഗറി സ്വദേശിയായ ടിബോറിനു അപകടമുണ്ടായത്. 

ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ എത്തിയ ടിബോര്‍ തന്റെ അറ്റുപോയ കൈ മേശപ്പുറത്തു വച്ചിട്ട് ഡ്യൂട്ടി നഴ്‌സിനോട് അത് തുന്നിച്ചേര്‍ത്തു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പകച്ചുപോയ നഴ്‌സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരമറിയിക്കുകയും ഉടനെ തന്നെ ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം ടിബോറിനെ വിയന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

1973 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ വിയന്ന മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെ ന്യൂറോ, ബോണ്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ ഫലമായി ടിബോറിന്റെ കൈ തുന്നിച്ചേര്‍ത്തു. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ടിബോര്‍ സുഖം പ്രാപിച്ചു വരുന്നതായി ഓപ്പറേഷനു നേതൃത്വം കൊടുത്ത സര്‍ജന്‍ ഓസ്‌കാര്‍ ആസ്മാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: എ.ബി. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക