Image

'ബാബിലോണിലെ സൂര്യപുത്രി' മേയ് 25ന് അരങ്ങിലെത്തുന്നു

Published on 18 May, 2013
'ബാബിലോണിലെ സൂര്യപുത്രി' മേയ് 25ന് അരങ്ങിലെത്തുന്നു
വിയന്ന: സമകാലീന സാമൂഹ്യവിപത്തുകളുടെ നെരിപ്പോടില്‍ പഴമയുടെ ചരിത്രത്താളുകളില്‍ ഒരു തൂവല്‍ സ്പര്‍ശമായി അവള്‍ വരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ഇരുണ്ട ചക്രവാകങ്ങളില്‍ ഒരു പ്രകാശകിരണമായി, അകൃത്യങ്ങളില്‍ അഭിരമിക്കുന്നവരുടെമേല്‍ മിന്നലുകളും ഇടിനാദങ്ങളുമുതിര്‍ത്ത് ഒരു ചോദ്യചിഹ്നമായി അവനും പെയ്തിറങ്ങുന്നു. നീതികിട്ടാത്ത സമൂഹമായി സ്ത്രീ എന്ന വെളിച്ചം മാറുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കഥകള്‍ സമൂഹത്തിനേരെ ഉതിര്‍ക്കുന്ന ചോദ്യശരങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമൂഹം സ്ത്രീയോട് കാണിക്കുന്ന ദ്വന്ദ്വാത്മകതയാണ് വെളിപ്പെടുത്തുന്നത്. 

സ്ത്രീയില്‍ നിന്ന് പിറവിയെടുക്കുന്ന മനുഷ്യസമൂഹം സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുന്ന പൈശാചികമായ കാഴ്ചയാണ് ഇന്ന് കാണുന്നത്. ബൈബിള്‍ പശ്ചാത്തലത്തില്‍ ഇതള്‍ വിടരുന്ന മനോഹരമായ കഥയും തീവ്രമായ ജീവിത മുഹൂര്‍ത്തങ്ങളും ശക്തമായ സന്ദേശങ്ങളും കോര്‍ത്തിണക്കിയാണ് നൂതനമായ ശൈലിയില്‍ ജാക്‌സണ്‍ പുല്ലേലി നാടകരചന നിര്‍വഹിച്ചിരിക്കുന്നത്. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ കമ്യൂണിറ്റി ആഘോഷങ്ങളുടെ ഭാഗമായി മേയ് 25ന് (ശനി) നാടകത്തിന് തിരശീല ഉയരുന്നത്. 

വിയന്നയിലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ആസ്ഥാനത്ത് ഉദ്യോഗസ്ഥനായ ജാക്‌സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ബാബിലോണിലെ സൂര്യപുത്രി' എന്ന ബൈബിള്‍ നാടകം അവതരിപ്പിക്കുന്നത് സൂറിച്ചിലെ ബോര്‍വെഗ് 80, സെന്റ് തെരേസ്യാ പള്ളിയിലാണ്. 

സംഗീത സാന്ദ്രമായും കലാനൈപുണ്യത്തോടെയും തികഞ്ഞ സാങ്കേതിക മികവോടെയും 'ബാബിലോണിലെ സൂര്യപുത്രി'യെ അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

'ബാബിലോണിലെ സൂര്യപുത്രി' മേയ് 25ന് അരങ്ങിലെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക