Image

കാന്‍ബറയില്‍ കന്യകാ മറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി

Published on 09 October, 2013
കാന്‍ബറയില്‍ കന്യകാ മറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി
കാന്‍ബറ: ഓസ്ട്രലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. ദൈവ മാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. മേരി മക്കലീപ്പിന്റെയും തിരുനാള്‍ ഭക്തി സാന്ദ്രമായി. 

തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ മലയാളി സമൂഹത്തെ കൂടാതെ തദേശീയരും വിദേശീയരും അടക്കം വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. പൊന്‍, വെള്ളി കുരിശുകളും, മുത്തുകുടകളും, ചെണ്ടമേളവും, കോടി തോരണങ്ങളും തിരുസ്വരൂപങ്ങളും ആയി തനി കേരളീയ രീതിയില്‍ നടന്ന തിരുന്നാള്‍ ചടങ്ങുകള്‍ ഏവരെയും ആകര്‍ഷിച്ചു.

നാലിന് (വെള്ളി) വൈകുന്നേരം അഞ്ചിന് സെന്റ് പീറ്റര്‍ ചന്നെല്‍സ് പളളിയില്‍ സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, ചെണ്ടമേളം എന്നിവ നടന്നു.

അഞ്ചിന് (ശനി) രാവിലെ ഒന്‍പതു മുതല്‍ സമൂഹ ദിനമായി ആഘോഷിച്ചു. കാന്‍ബറ അവന്യുവിലുള്ള സെന്റ് എട്മുണ്ട്‌സ് കോളജിലായിരുന്നു പരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കല, കായിക മത്സരങ്ങള്‍, ദമ്പതിമാര്‍ക്കുള്ള ഹാസ്യ പ്രദാന മത്സരങ്ങള്‍, കലാപരിപാടികള്‍, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ പരിപാടികള്‍, കെസിവൈഎല്‍ കാന്‍ബറ അവതരിപ്പിച്ച ശിങ്കാരിമേളം, ഡാന്‍സ്, മാര്‍ഗംകളി, ഗാനമേള, സമൂഹ വിരുന്ന് എന്നിവ നടന്നു. 

ആറിന് (ഞായര്‍) പ്രധാന തിരുനാള്‍ ദിനമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ച് പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് തിരുനാള്‍ സന്ദേശം നല്‍കി. കാന്‍ബറ ഗോള്‍ബോന്‍ അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍. ജോണ്‍വുഡ്‌സ് തിരുനാള്‍ പ്രദക്ഷിണത്തിനും ലദീഞ്ഞിനും നേതൃതം നല്‍കി. തിരുനാള്‍ കുര്‍ബാനക്ക് ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. തോമസ് ആലുക്ക, ഫാ. ജെയിംസ് ആന്റണി തിരുത്തനത്തില്‍ സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്, ഫാ. സിജോ തെക്കെകുന്നേല്‍ എം.എസ്, ഫാ. ബോണി ഏബ്രാഹം എന്നിവര്‍ സഹ കര്‍മികത്വം വഹിച്ചു. 

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ബൈബിള്‍ ഫെസ്റ്റിലെ വിജയികള്‍ക്ക് കാന്‍ബറ ഗോള്‍ബോന്‍ അതി രൂപതയുടെ വികാരി ജനറല്‍ മോണ്‍. ജോണ്‍വുഡ്‌സ് സമ്മാനങ്ങള്‍ നല്‍കി. സമൂഹ ദിനാഘോഷത്തിലെ വിജയികള്‍ക്ക് പാലക്കാട് രൂപത മെത്രാന്‍ മാര്‍. ജേക്കബ് മനത്തോടത്ത് സമ്മാന ദാനം നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തിയ മാഗസിന്റെ പ്രകാശനം മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ. തോമസ് അലുക്കായ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി ജോസഫ് പ്രസംഗിച്ചു. തുടര്‍ന്ന് കരിമരുന്നു കലാപ്രകടനം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. വര്‍ഗീസ് വാവോലില്‍, കാന്‍ബറയിലെ മലയാളി വൈദികരായ ഫാ. ജെയിംസ് ആന്റണി സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്, ഫാ. സിജോ തെക്കെകുന്നേല്‍ എംഎസ്, ഫാ. ബോണി ഏബ്രാഹം എന്നിവരും വിവിധ കമ്മിറ്റികളും നേതൃതും നല്‍കി. 

ഏബ്രഹാം ചാക്കോ, ബോബി ജോസഫ്, ജെയിംസ് ജോസഫ്, കെന്നഡി ഏബ്രഹാം, മാര്‍ട്ടിന്‍ ഷാജി, സുജി മാത്യു, വില്‍സണ്‍ തോമസ് എന്നിവരായിരുന്നു ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. 

തിരുനാള്‍ ആഘോഷങ്ങലില്‍ പങ്കെടുത്തവര്‍ക്കും വിജയകരമാക്കിയ കമ്മിറ്റിക്കര്‍ക്കും ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, അസിസ്റ്റന്റ് ചാപ്ലെയിന്‍ ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ നന്ദി അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക