Image

സിംഗപ്പൂര്‍ കപ്പലില്‍ ജോലിക്കാരനായ മലയാളി യുവാവ് മരിച്ചനിലയില്‍

Published on 15 October, 2013
സിംഗപ്പൂര്‍ കപ്പലില്‍ ജോലിക്കാരനായ മലയാളി യുവാവ് മരിച്ചനിലയില്‍
തൊടുപുഴ: സിംഗപ്പൂര്‍ കപ്പലില്‍ ജോലിചെയ്ത മലയാളി യുവാവിനെ മരിച്ചനിലയില്‍ കണെ്ടത്തി. തൊടുപുഴയ്ക്കു സമീപം മടക്കത്താനം ഇലവുങ്കല്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോസഫ്(23) ആണു മരിച്ചത്. ഹോങ്കോംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സിംഗപ്പൂര്‍ കപ്പല്‍ സ്റ്റോള്‍ട്ട് വിര്‍ച്യൂവിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. തിരുവോണത്തിന്റെ പിറ്റേന്നാണ് കപ്പലില്‍ ജോലിക്കു പ്രവേശിച്ചത്. ജോസഫിന് ഈ കപ്പലില്‍ ജോലിക്കുനിയോഗിച്ച എലഗന്റ് മറൈന്‍ സര്‍വീസ് എന്ന സ്ഥാപനത്തിന് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശം സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജിബിന്‍ ജോര്‍ജ് വാഴക്കുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കദളിക്കാട് വിമലമാതാ സ്‌കൂളില്‍ പ്ലസ് ടു പഠിച്ചശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ് പാസായ ജോസഫ് കഴിഞ്ഞ സെപ്റ്റംബര്‍ 17നാണു സ്റ്റോള്‍ട്ട് വെര്‍ച്യൂവില്‍ ജോലിക്കു കയറിയത്. 

സിംഗപ്പൂരില്‍നിന്നു തായ്‌വാനില്‍ പോയശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു കൊറിയന്‍ തുറമുഖത്തു കപ്പല്‍ അടുത്തപ്പോള്‍ ജോസഫ് വീട്ടിലേക്കു വിളിച്ചിരുന്നു. അന്നു രാത്രി കപ്പല്‍ തുറമുഖം വിടുമെന്നും സിംഗപ്പൂര്‍ തുറമുഖത്തെത്തുമ്പോള്‍ വീണ്ടും വിളിക്കാമെന്നും ജോസഫ് പറഞ്ഞിരുന്നു. വൈകുന്നേരം കുടുംബപ്രാര്‍ഥന കഴിഞ്ഞു മടങ്ങിയെത്തിയ മാതാവ് മേരി മൊബൈല്‍ ഫോണില്‍ കണ്ട മിസ്ഡ് കോളിലേക്കു തിരിച്ചുവിളിച്ചപ്പോഴാണു മകന്റെ മരണവാര്‍ത്ത അറിഞ്ഞത്. 

ജോസഫിനെ ജോലിക്കയച്ച കൊച്ചി ഏജന്‍സിയിലെ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല. കപ്പല്‍ ഏതെങ്കിലും തുറമുഖത്ത് എത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. വിവരമറിഞ്ഞു പി.ടി. തോമസ് എംപി ഭവനത്തിലെത്തിയിരുന്നു. സംഭവത്തിലെ ദൂരുഹത നീക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക