Image

ഓക്‌ലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും ആഘോഷിച്ചു

Published on 15 October, 2013
ഓക്‌ലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും ആഘോഷിച്ചു
ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓക്‌ലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളാഘോഷവും നടന്നു. ഒക്‌ടോബര്‍ രണ്ടു മുതല്‍ 11 വരെ എല്ലസ് ലി കാത്തലിക് പള്ളിയിലാണ് കൊന്തനമസ്‌കാരം നടത്തിയത്.

11ന് (വെള്ളി) പതാക ഉയര്‍ത്തലും ഭക്താദരപൂര്‍വകമായ ജപമാല പ്രദക്ഷിണവും നടന്നു. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍, സണ്‍ഡേ സ്‌കൂള്‍, യൂത്ത് ഗ്രൂപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

13ന് (ഞായര്‍) ഉച്ചകഴിഞ്ഞ് എപ്‌സം സെന്റ് കത്ത്ബര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍ വര്‍ണശമ്പളമായ തിരുനാളാഘോഷങ്ങളും ആദ്യകുര്‍ബാന സ്വീകരണവും നടന്നു.

അമേരിക്കന്‍ സമോവ രൂപത മെത്രാന്‍ മോസ്റ്റ് റവ. പീറ്റര്‍ ബ്രൗണ്‍ സിഎസ്എസ്ആര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്നുനടന്ന സീറോ മലബാര്‍ റീത്തിലുള്ള മലയാളം കുര്‍ബാനയില്‍ ബിഷപ്പിനൊപ്പം മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര, അസി. ചാപ്ലെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍, അവന്‍ഡയില്‍ കാത്തലിക് പള്ളി വികാരി ഫാ മാത്യു വടക്കേവെട്ടുവഴിയില്‍, ത്രി കിംഗ്‌സ് കാത്തലിക് പള്ളി വികാരി ഫാ. അരുള്‍ സ്വാമി, ഹാമില്‍ട്ടന്‍ രൂപതയിലെ ഫാ. ജോസഫ് അക്കര, സിഎസ്എസ് ആര്‍ സന്യാസ സഭയിലെ വൈദികരായ ഫാ. ബ്രൂസ്, ഫാ. റോബി, ഫാ. റിഡം എന്നിവര്‍ സാഹകാര്‍മികരായിരുന്നു. സെന്റ് പീറ്റേഴ്‌സ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. റോബിന്‍ ഡാനിയേല്‍, ഓക് ലാന്‍ഡ് മാര്‍ത്തോമ്മ പള്ളി വികാരി ഫാ. ബിജു, ബ്രദര്‍ കെവിന്‍ സിഎസ്എസ്ആര്‍ എന്നിവരും സന്നിഹിതരായിരുന്നു.

കുര്‍ബാനമധ്യേ 12 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും 15 കുട്ടികള്‍ സ്ഥൈര്യലേപന ശുശ്രൂഷയും സ്വീകരിച്ചു.

തുടര്‍ന്നുനടന്ന കലാവിരുന്ന് ഉന്നതനിലവാരം പുലര്‍ത്തി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഇംഗ്ലീഷ്, മലയാളം ഭക്തിഗാനങ്ങള്‍ എന്നിവയും മുതിര്‍ന്നവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും കാണികളെ ആനന്ദഭരിതരാക്കി. ചടങ്ങില്‍ മുഴുവന്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. ബൈബിള്‍ ക്വിസ് മത്സരത്തിലും ബൈബിള്‍ കാരക്ടര്‍ സ്റ്റഡിയിലും വിജയികളായവര്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ സമ്മാനിച്ചു.

സീറോ മലബാര്‍ കമ്യൂണിറ്റിയുടെ സ്‌നേഹോപഹാരം ബിഷപ്പിന് ട്രസ്റ്റി ടോമി ജോസഫ് നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവരടങ്ങിയ തിരുനാള്‍ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: രാജി ചാക്കോ ആനിത്തോട്ടത്തില്‍

ഓക്‌ലാന്‍ഡില്‍ കൊന്തനമസ്‌കാരവും നിത്യസഹായമാതാവിന്റെ തിരുനാളും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക