കണ്ണൂര്‍: ലോക്സഭാ
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി പി
ജയരാജനും ഏറ്റുമുട്ടുമോ. പ്രമുഖ ദിനപത്രങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്തു
തുടങ്ങിയതോടെ അണികള്‍ ആവേശക്കൊടുമുടിയിലായി. അങ്ങനെയെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തില്‍
തീപ്പൊരി പാറുമെന്ന് ഉറപ്പായി. അവസാനനിമിഷം തന്ത്രം മാറ്റിക്കളയുമോയെന്നാണ്
ആശങ്ക.
കണ്ണൂര്‍ എങ്ങനെയെങ്കിലും പിടിച്ചടക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ്
കെ സുധാകരന് കളത്തിലിറങ്ങിയിരിക്കുന്നത്. ശബരിമല സംരക്ഷണയാത്ര തുടങ്ങിയതോടെ
സുധാകരന് ഇരട്ടി ഫോമിലായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍
നടന്ന എല്‍ഡിഎഫ് റാലിയില്‍ സുധാകരന് ബിജെപിയിലേക്ക് പോകുമെന്ന് പേരു പറയാതെ
സൂചിപ്പിച്ചിരുന്നു. ഇതോടെ സുധാകരനെതിരെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ് ഇതിന് സുധാകരന്റെ മറുപടിയുണ്ടായത്. സുധാകരന്റെ
യാത്രയ്ക്ക് വിശ്വാസ സംരക്ഷണം എന്ന അജണ്ട മാത്രമല്ല ഉള്ളതെന്നും മലപ്പുറം
വരെയുള്ള യാത്ര സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള തീപ്പൊരി പ്രസംഗത്തിന്റെ
അകമ്പടിയോടെയാകുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.