കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതിന് എസ്.ഐയ്ക്ക് സസ്പെന്ഷന്. എറണാകുളം സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസിനെയാണ് ഐജി കാളിരാജ് മഹേഷ് കുമാര്‍ സസ്പെന്‍ഡു ചെയ്തതത്.
സി.പി.ഐ മാര്‍ച്ചിനുനേരെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേണത്തിന് ഉത്തരവിട്ടിരുന്നു. ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍, സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പി കഴിഞ്ഞ ദിവസം നല്‍കിയത്. എന്നാല്‍, എം.എല്‍.എയെ തിരച്ചറിയുന്നതില്‍ എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ സിപിഐ ജില്ലാ കമ്മിറ്റിയിലടക്കം രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു.