Image

പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Published on 12 April, 2021
പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ശ്രീരാഗ് ഉള്‍പ്പടെ രണ്ട് പ്രതികള്‍ക്കൊപ്പമാണ് രതീഷ് ഒളിവില്‍ കഴിഞ്ഞത്. പ്രതികള്‍ തമ്മില്‍ സ്ഥലത്ത് വെച്ച്‌ വാക്കു തര്‍ക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.

അതേസമയം കേസില്‍ അന്വേഷണ സംഘം പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ അയല്‍വാസികള്‍ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.

രതീഷിനെ കൂട്ടുപ്രതികള്‍ മര്‍ദ്ദിച്ച്‌ ബോധംകെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു

മന്‍സൂര്‍ വധത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വളയത്ത് ഒരു സഖാവിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ച്‌ രണ്ടാം പ്രതി രതീഷ് കൊലപാതകത്തിനും ആസൂത്രണമിട്ട പ്രദേശിക നേതാവിനെ കുറിച്ച്‌ പ്രകോപനപരമായ പരാമര്‍ശം നടത്തി. ഇതേചൊല്ലി കൂട്ടുപ്രതികളുമായി തര്‍ക്കമുണ്ടായി. ഇവരുടെ മര്‍ദ്ദനത്തില്‍ രതീഷ് ബോധരഹിതനായി. ഈ സമയം രതീഷിനെ കൂട്ടുപ്രതികള്‍ കെട്ടിത്തൂക്കിയതെന്നാണ് ആരോപണം.

രതീഷിന്റെ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതാണ്. എന്നാല്‍ മന്‍സൂര്‍ വധത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മന്‍സൂറിനെ വധിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കൊലപാതകത്തിന് നിയോഗിച്ച നേതാവ് സംരക്ഷിക്കുന്നില്ല എന്ന തോന്നല്‍ രതീഷിനുണ്ടായി. ഇത് അയാള്‍ കൂട്ടുപ്രതികളോടു പറയുകയും നേതാവിനെതിരെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും സുധാകരന്‍ പറയുന്നു.

ഇക്കാര്യമെല്ലാം ആ വീട്ടുടമ തന്നെ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. വീട്ടുടമയ്ക്ക് മന്‍സൂര്‍ വധത്തില്‍ പങ്കില്ല. പ്രതികള്‍ക്ക് ഒളിത്താവളം നല്‍കിയെന്ന കുറ്റം മാത്രമേയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. ആ നേതാവിന്റെ പേര് തനിക്കറിയാം. ഈ ഘട്ടത്തില്‍ അത് പറയുന്നില്ല. മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത് പനോളി വത്സണ്‍ ആണെന്നും സൂധാകരന്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക