Image

ഇഡിയുടെ വരവില്‍ ജാഗ്രതയോടെ സിപിഎം: വീണക്ക് മുൻകൂര്‍ ജാമ്യമടക്കം തേടാൻ ആലോചന

Published on 28 March, 2024
ഇഡിയുടെ വരവില്‍ ജാഗ്രതയോടെ സിപിഎം: വീണക്ക് മുൻകൂര്‍ ജാമ്യമടക്കം തേടാൻ ആലോചന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതലുമെടുക്കാന്‍ സിപിഎം.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

എകെജി സെന്ററിലേക്കു പോലും ഈ അന്വേഷണം എത്തുമെന്ന സംശയം സിപിഎമ്മിനുണ്ട്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല. ഇഡി അറസ്റ്റിലേക്ക് കടന്നാല്‍ അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും വലിയ തരിച്ചടിയാണ്. ഇതിനിടെ വീണയുടെ അറസ്റ്റൊഴിവാക്കാൻ എല്ലാ നിയമ സാധ്യതയും പരിശോധിക്കും.  കരുതലോടെ തീരുമാനം എടുക്കാനാണ് ആലോചന. ചോദ്യം ചെയ്യലിന് വീണയ്ക്ക് നോട്ടീസ് നല്‍കുമെന്നാണ് പ്രതീക്ഷ. അതുകിട്ടിയ ശേഷം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും. വീണയ്ക്ക് മുന്നില്‍ അറസ്റ്റ് ഭീതിയുണ്ടെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐടി സർവീസ് കമ്ബനിയായ എക്‌സാലോജിക്കും കരിമണല്‍ കമ്ബനിയായ സിഎംആർഎല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളിലാണ് ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങിയത്. ഇതേ കേസില്‍ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്‌എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

വീണാ വിജയന്റെ കമ്ബനി ആദ്യം രജിസ്റ്റര്‍ ചെയ്തത് എകെജി സെന്റര്‍ വിലാസത്തിലായിരുന്നു. ഇതിന്റെ സാഹചര്യവും ഇതിനായി വീണ നല്‍കിയ രേഖകളും എല്ലാം ഇഡി പരിശോധിക്കും. എകെജി സെന്ററിലേക്ക് അന്വേഷണ ഏജന്‍സികളെ കയറ്റില്ലെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ക്ലിഫ് ഹൗസിലേക്ക് ഇഡി എത്തിയാല്‍ എന്തു ചെയ്യണമെന്നതും കൂട്ടായ തീരുമാനത്തിലൂടെ ആലോചിക്കും.

ക്ലിഫ് ഹൗസും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്. ഈ സാഹചര്യത്തില്‍ ഇഡിയെ വേണമെങ്കില്‍ പോലീസിന് തടയാം. വ്യക്തമായ നിയമോപദേശം തേടിയാകും ഇനി ഓരോ ചുവടു വയ്‌പും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക